ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍

ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍

ആലപ്പുഴ:  ദല്ലാള്‍ ടി ജി നന്ദകുമാറില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്ന് സമ്മതിച്ച് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് പത്ത് ലക്ഷം രൂപ വാങ്ങിയത്. അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്.
തന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് പണത്തിന് ആവശ്യമുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള എട്ട് സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്ന് പറഞ്ഞു. എന്നാല്‍, അക്കൗണ്ട് വഴി മതിയെന്ന് ഞാന്‍ ശഠിക്കുകയായിരുന്നു. ഭൂമിയിടപാടിന്റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നും ശോഭ മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിച്ചു.
ബിജെപിയുടെ ലോക്‌സഭ സ്ഥാനാര്‍ഥികളായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സാമ്പത്തിക ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാർഥിയായ അനില്‍ ആന്റണി 25 ലക്ഷവും ശോഭാ സുരേന്ദ്രൻ 10 ലക്ഷവും കൈപ്പറ്റിയെന്നാണ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ നന്ദകുമാര്‍ പറഞ്ഞത്.
തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാനാണ് അനിൽ ആന്റണി പണം വാങ്ങിയത്. എന്നാൽ നിയമനം നടന്നില്ല. തുടര്‍ന്ന് പലതവണയായി 25 ലക്ഷം തിരികെ നല്‍കിയെന്ന് നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. 26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ പണമിടപാടിന് ഇടനില നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
2014ലാണ് അനിലിന് പണം കൈമാറിയത്. പണം കൈമാറിയ ഡല്‍ഹിയിലെ സാഗര്‍ രത്ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാര്‍ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നന്ദകുമാര്‍ പ്രദര്‍ശിപ്പിച്ചത്. അനിലിന്റെ പുതിയ ഗൂഢസംഘമെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു. അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാകാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു.
ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം കടമായി വേണമെന്നും ആവശ്യപ്പെട്ടാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചത്. എന്നാല്‍, പണം കടമായി കൊടുക്കാന്‍ താന്‍ ബാങ്കല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലെ ശോഭയുടെ പേരിലുള്ള വസ്തു തനിക്ക് നല്‍കാമെന്നു പറഞ്ഞ് അതിന്റെ രേഖകളെല്ലാം കൈമാറി.
തുടർന്ന് ഡല്‍ഹി 2023 ജനുവരി നാലിന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയിൽനിന്ന് ശോഭയുടെ അക്കൗണ്ടിലേക്ക് പത്തു ലക്ഷം നല്‍കി. ഇതിന്റെ രസീതും നന്ദകുമാര്‍ പുറത്തുവിട്ടു. എന്നാല്‍, ശോഭ നൽകാമെന്ന് പറഞ്ഞ വസ്തു കാണാന്‍ പോയപ്പോഴാണ് ഇതിന്റെ പേരിൽ മറ്റു രണ്ടുപേരില്‍നിന്ന് അവർ പണം കൈപ്പറ്റിയത് അറിയാന്‍ സാധിച്ചത്. അതിനാല്‍ വസ്തു ഇടപാട് നടന്നില്ല. പിന്നീട് പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.
 
The post ദല്ലാള്‍ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം വാങ്ങി; കൈപ്പറ്റിയത് അക്കൗണ്ട് വഴി, ശോഭ സുരേന്ദ്രന്‍ appeared first on News Bengaluru.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *