കേരളത്തിൽ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

കേരളത്തിൽ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 പിജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരളത്തിൽ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡിഎം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡിഎം പള്‍മണറി മെഡിസിന്‍ 2 സീറ്റ്, എംഡി അനസ്‌തേഷ്യ 6 സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംഡി സൈക്യാട്രി 2 സീറ്റ് എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

ഈ വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീപരിചരണം, അദ്ധ്യാപനം, ഗവേഷണം എന്നിവയില്‍ കൂടുതല്‍ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങള്‍, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു. രാജ്യത്ത് തന്നെ ഈ മേഖലയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവാണ്. അതിനാല്‍ തന്നെ കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ ഇതിലൂടെ സഹായിക്കും.

പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഡിഎം പീഡിയാട്രിക് നെഫ്രോളജി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സാണ് ഡിഎം പള്‍മണറി മെഡിസിന്‍. നിദ്ര, ശ്വസന രോഗങ്ങളും ക്രിട്ടിക്കല്‍ കെയറും ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ഡിഎം പള്‍മണറി മെഡിസിന്‍ സീറ്റ് മാത്രമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കൂടി അനുമതി ലഭ്യമായതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനാകും.

അനസ്‌തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതല്‍ പിജി സീറ്റുകള്‍ ലഭിച്ചതോടെ ഈ രംഗങ്ങളില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനും സാധിക്കുന്നു. മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണിത്. എത്രയും വേഗം ഈ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS : KERALA | HOSPITAL | VEENA GEORGE
SUMMARY : 12 PG seats sanctioned in specialty and super specialty categories in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *