മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി

മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി

മുംബൈ: മുബൈയിലെ ഘാട്കോപ്പറിലെ പെട്രൊൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 14 ആ‍യി ഉയർന്നു. 60 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേര്‍ന്നാണ് പുറത്തെത്തിച്ചത്.

സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ പരസ്യ കമ്പനി ഉടമകള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പന്ത് നഗര്‍ പോലീസ് കേസെടുത്തു.

അപകടത്തിനിടയാക്കിയ കൂറ്റന്‍ പരസ്യ ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. പെട്രോള്‍ പമ്പിന്റെ എതിര്‍വശത്തായിരുന്നു ബോര്‍ഡ് ഉണ്ടായിരുന്നത്. എന്നാല്‍ പമ്പിന്റെ മധ്യ ഭാഗത്തേക്കാണ് ബോര്‍ഡ് തകര്‍ന്നു വീണത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുംബൈ നഗരം പൊടിക്കാറ്റില്‍ മുങ്ങിയത്. പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും വിമാന, ട്രെയിന്‍, മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം നഗരത്തിലെ റെയില്‍ റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *