ആതിര കൊലക്കേസ്: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍

ആതിര കൊലക്കേസ്: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോണ്‍സണ്‍ ഓസേപ്പെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍.

ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച്‌ അവിടെ താമസിക്കുകയായിരുന്നു. മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പോലീസ് കണ്ടെത്തി. നേരത്തെ ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. ഒരു വർഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്.

കുടുംബത്തെ ഉപേക്ഷിച്ച്‌ കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. കൊലയ്ക്ക് തക്കം പാര്‍ത്ത് ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും കണ്ടെത്തി. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒമ്പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സന് യുവതി ചായ കൊടുത്തു. പിന്നീടാണ് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തിവലിക്കുകയായിരുന്നു.

അന്നേദിവസം രാവിലെ പ്രതി പെരുമാതുറയുടെ വാടകവീട്ടില്‍ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് പ്രതി ജോണ്‍സണ്‍. കഴിഞ്ഞ ദിവസം രാവിലെയാണ് വെഞ്ഞാറമൂട് ആലിയാട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. ഈ സമയങ്ങളില്‍ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്.

ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

TAGS : ATHIRA MURDER
SUMMARY : Athira murder case: Accused Instagram friend Johnson

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *