എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍

തൃശൂർ: തമിഴ്നാട്ടിലെ വെല്ലൂർ സിഎംസി മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. പത്തനംതിട്ട കൂടല്‍ സ്വദേശി ഫാദർ ജേക്കബ് തോമസ് ആണ് പിടിയിലായത്. തൃശൂർ വെസ്റ്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലിസ് അന്വേഷിക്കുന്നത് അറിഞ്ഞ് ചെന്നൈ അന്താരാഷ്ട്രവിമാനത്താവളം വഴി മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

വൈദികനെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നാഗ്പൂരിലും വൈദികനെതിരെ കേസ് ഉണ്ട്. ഇന്ത്യയില്‍ ബീഹാര്‍, ഹരിയാന, തമിഴ്‌നാട് എന്നീ പല സംസ്ഥാനങ്ങളിലും കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജേക്കബ് തോമസ് പത്തനംതിട്ടയിലെ കൂടല്‍ സ്വദേശിയാണ്.

വര്‍ഷങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന വൈദികന്‍ കന്യാകുമാരി തക്കലയില്‍ താമസിച്ചിരുന്ന സമയത്താണ് കേരളത്തിലെ രക്ഷിതാക്കളെ കബളിപ്പിച്ചത്. സുവിശേഷ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജേക്കബ് തോമസ് ആഡംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. വെല്ലൂരിലെ സിംഎസി മെഡിക്കല്‍ കോളജുമായും ആഗ്ലിക്കന്‍ ബിഷപ്പുമായും അടുത്ത ബന്ധം ഉള്ള ആളാണെന്നും പറഞ്ഞാണ് ജേക്കബ് തോമസ് രക്ഷിതാക്കളെ വലയിലാക്കിയിരുന്നത്.

തട്ടിപ്പിന് ഇരയായവരില്‍ പലരും 60 ഉം 80 ലക്ഷം രൂപ വീതം നഷ്ടപ്പെട്ടവരാണ്. കേസില്‍ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയിരുന്ന പാസ്റ്റര്‍ പോള്‍ ഗ്ലാഡ്‌സനെയും, പാസ്റ്റര്‍മാരായ വിജയകുമാര്‍, അനുസാമുവല്‍ എന്നിവരേയും ജേക്കബ് തോമസിന്റെ മകന്‍ റെയ്‌നാര്‍ഡിനേയും തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ കുടുക്കാന്‍ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

തൃശൂര്‍ വെസ്റ്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ ജേക്കബ് തോമസിന് തൃശൂര്‍ സിജെഎം കോടതിയുടെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു. പോലീസ് തൃശൂരില്‍ പ്രതിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

TAGS : LATEST NEWS
SUMMARY : Fraud by offering MBBS seat; The accused was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *