‘കാക്ക കാക്കയില്‍ ജ്യോതിക വാങ്ങിയത് എന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം’: സൂര്യ

‘കാക്ക കാക്കയില്‍ ജ്യോതിക വാങ്ങിയത് എന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം’: സൂര്യ

തെന്നിന്ത്യയിലെ പ്രിയ താരജോഡിയാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത ജ്യോതിക ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കാള്‍ താരമൂല്യമുള്ള അഭിനേതാവായിരുന്നു ജ്യോതികയെന്ന് പറയുകയാണ് സൂര്യ. ഏകദേശം ഒന്നിച്ചാണ് തങ്ങള്‍ തമിഴ് സിനിമയില്‍ എത്തുന്നതെന്നും എന്നാല്‍ തന്നെക്കാള്‍ മുമ്പെ ജ്യോതിക തമിഴില്‍ സ്ഥാനമുറപ്പിച്ചെന്നും താരം പറഞ്ഞു.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ഞാനും ജ്യോതികയും ആദ്യമായി കാണുമ്പോൾ ഞങ്ങള്‍ രണ്ടുപേരും തുടക്കക്കാരായിരുന്നു. എനിക്കൊപ്പമായിരുന്നു ജ്യോതികയുടെ ആദ്യ തമിഴ് ചിത്രം. ഇത് ജ്യോതികയുടെ രണ്ടാമത്തെ സിനിമയായിരുന്നു. ഒരു ഹിന്ദി സിനിമക്ക് ശേഷമാണ് തമിഴില്‍ എത്തുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. എനിക്ക് തമിഴ് സംസാരിക്കാൻ അറിയാം. ഒരു നടന്റെ മകനും ആയിരുന്നു. എന്നിട്ടും എനിക്ക് ഡയലോഗിന്റെ വരി മറന്നു പോകുമായിരുന്നു.

അഭിനയവും അത്ര വശമില്ലായിരുന്നു. എന്നാല്‍ ജ്യോതികയുടെ വർക്ക് എത്തിക്സില്‍ എനിക്ക് ബഹുമാനം തോന്നി. അവള്‍ എന്നെക്കാള്‍ നന്നായി ഡയലോഗ് പറയും. ഷൂട്ടിങ്ങിന് എത്തുന്നതിന് മുമ്പ് തന്നെ ഡയലോഗ് കാണാപാഠം പഠിക്കുമായിരുന്നു. ജോലിയെ വളരെ ആത്മാർഥതയോടെയാണ് സമീപിച്ചിരുന്നത്. അവള്‍ വിജയത്തിലേക്ക് കുതിച്ചു. പക്ഷെ ഞാൻ സ്ഥിരത കൈവരിക്കാൻ ഏകദേശം അഞ്ച് വർഷമെടുത്തു. ഒരു നടൻ എന്ന നിലയില്‍ അറിയപ്പെടാൻ പിന്നെയും കാലങ്ങള്‍ വേണ്ടി വന്നു.

2003ല്‍ ഞങ്ങള്‍ ഒന്നിച്ച്‌ കാക്ക കാക്ക ചെയ്യുന്ന സമയത്ത് എന്റെ പ്രതിഫലത്തെക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു ജ്യോതികയുടെത്. അപ്പോള്‍ എനിക്ക് മനസിലായി ഞാൻ എവിടെയാണ് നില്‍ക്കുന്നതെന്ന്. ആ സമയത്ത് അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ തയാറായിരുന്നു. അവളുടെ മാതാപിതാക്കളും സമ്മതിച്ചു. അപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. ഞാൻ എന്താണ് സമ്പാദിക്കുന്നതെന്നും അവള്‍ എന്തായിരുന്നുവെന്നും. അതോടെയാണ് ഞാൻ കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് അവള്‍ക്കൊപ്പം എത്താനുള്ള ശ്രമമായിരുന്നു’- സൂര്യ പറഞ്ഞു.

TAGS :
SUMMARY : ‘Jyotika was paid three times more than me in Kaka Kaka film’: Suriya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *