കലൂർ സ്റ്റേഡിയത്തിലെ അപകടം; നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷൻ

കലൂർ സ്റ്റേഡിയത്തിലെ അപകടം; നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷൻ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകർ സമീപിച്ചത് നീതയെയായിരുന്നു. പരിപാടി നടക്കുന്നതിന്റെ തലേദിവസമായിരുന്നു സമീപിച്ചത്.

ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയാണെന്ന് നിതയെ സംഘാടകർ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ലൈസൻസ് ആവശ്യമില്ലെന്ന നിലപാട് നിത സ്വീകരിച്ചിരുന്നു. പരിപാടിയെക്കുറിച്ച്‌ നേരിട്ട് പരിശോധിക്കുകയോ ഇക്കാര്യം മേയറെയോ മറ്റ് മേലാധികാരികളെയോ അറിയിക്കാതിരുന്ന സാഹചര്യത്തിലാണ് ഹെല്‍ത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുത്തത്.

നഗരസഭയുടെ ഹെല്‍ത്ത്‌, റവന്യൂ, എൻജിനീയറിംഗ് വിഭാഗങ്ങള്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാനും മേയർ എം. അനില്‍കുമാർ നിർദേശം നല്‍കി. നഗരസഭാ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കും. കലൂർ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സമാനമായ എല്ലാ സമ്മേളനങ്ങള്‍ക്കും നഗരസഭയുടെ അനുമതി ആവശ്യമാണ്.

റവന്യൂ, ഹെല്‍ത്ത്, എൻജിനീയറിംഗ് വിഭാഗങ്ങളുടെ ലൈസൻസാണ് വേണ്ടത്. ഇത് ലഭിക്കുന്നതിന് വേണ്ടി പരിപാടിയുടെ തലേദിവസം നഗരസഭാ ആരോഗ്യവിഭാഗത്തെ സമീപിക്കുകയായിരുന്നു സംഘാടകർ. ഇതൊരു സാംസ്കാരിക പരിപാടിയാണെന്നും പണം വാങ്ങി നടത്തുന്ന പരിപാടിയല്ലെന്നും പുറത്തുനിന്നുള്ളവർ പങ്കെടുക്കുന്നില്ലെന്നും സംഘാടകർ ഉറപ്പുനല്‍കി. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടിക്ക് ലൈസൻസ് ആവശ്യമില്ലെന്ന് ഹെല്‍ത്ത് ഇൻസ്പെക്ടർ മറുപടി നല്‍കിയത്.

എന്നാല്‍ ഇക്കാര്യം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ ഹെല്‍ത്ത് ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കുകയായിരുന്നു നഗരസഭ. കലൂർ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഹെല്‍ത്ത് ഇൻസ്പെക്ടറുടെ സസ്പെൻഷനിലേക്ക് വഴിവച്ചത്.

ഇതിനെല്ലാം തുടക്കമിട്ടത് എംഎല്‍എ ഉമാ തോമസിനുണ്ടായ അപകടമായിരുന്നു. അശാസ്ത്രീയമായ രീതിയില്‍ കെട്ടിപ്പൊക്കിയ സ്റ്റേജില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് പതിച്ച എംഎല്‍എ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഈ സംഭവത്തിന് പിന്നാലെയാണ് പരിപാടി നടത്തിയതിലെ വീഴ്ചകള്‍ ചർച്ചയായത്. പോലീസിനും സംഘാടകർക്കും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

TAGS : KALLUR STADIUM ACCIDENT
SUMMARY : Kallur stadium accident; Suspension of Municipal Health Inspector

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *