കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി; രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാൻ നിര്‍ദേശം

കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി; രേഖകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാൻ നിര്‍ദേശം

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് രേഖകള്‍ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന ക്രൈം ബ്രാഞ്ച് പൂർത്തിയാക്കണമെന്നും കോടതി നിർദേശം നല്‍കി.

കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്ന ഇഡി, രേഖകള്‍ അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് സംബന്ധിച്ച കേസുകളിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇഡി കസ്റ്റഡിയിലെടുത്ത രേഖകള്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും നല്‍കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.

കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രേഖകള്‍ നല്‍കാൻ ഇഡി വിസമ്മതിച്ചത്. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസുള്‍പ്പെടെ പ്രമുഖ സിപിഎം നേതാക്കളെ പ്രതികളാക്കാനുള്ള നീക്കത്തിലാണ് ഇഡി.

അനധികൃത വായ്പകളില്‍ നിന്ന് സിപിഎം വിഹിതം കൈപ്പറ്റിയെന്നും ആ പണം കൊണ്ടാണ് പാർട്ടി ഓഫീസ് പണിയാൻ ജില്ലാ സെക്രട്ടറിയുടെ പേരില്‍ സ്ഥലം വാങ്ങിയതെന്നും ഇഡി സ്ഥിരീകരിക്കുന്നു. സെന്റിന് പത്തുലക്ഷം വച്ച്‌ വാങ്ങിയ മൂന്നു സെന്റ് ഇഡി കണ്ടുകെട്ടുകയും ചെയ്തു. സിപിഎമ്മിന്റെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ വെളിപ്പെടുത്താത്ത എട്ട് അക്കൗണ്ടുകളിലെ 63.62 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് സെക്രട്ടറിയും ഭരണസമിതിയും അന്നത്തെ ബാങ്ക് മാനേജരും ചേർന്ന് ബിനാമിയായും അനധികൃതമായും വായ്പകള്‍ അനുവദിച്ചതെന്നാണ് സുപ്രധാന കണ്ടെത്തല്‍. ഈടായി നല്‍കിയ വസ്തുവിന്റെ വിലയേക്കാള്‍ ഉയർന്ന വിലയ്ക്ക് ബാങ്ക് അംഗങ്ങള്‍ അല്ലാത്തവർക്ക് പോലും ബിനാമി വായ്പകള്‍ നല്‍കി. ഒരേ സ്ഥലംതന്നെ ഒന്നിലേറെ അംഗങ്ങള്‍ ഈടുവച്ചും തട്ടിപ്പ് നടത്തിയെന്നും ഇഡി വ്യക്തമാക്കുന്നു.

TAGS : KARUVANNUR BANK FRAUD CASE | HIGH COURT
SUMMARY : Karuvannur case records should be handed over to Crime Branch, HC directs ED

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *