ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി

ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി പി. അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ജാമ്യാപേക്ഷ തള്ളിയത്.

ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ വിചാരണ നടപടികള്‍ ഉടനടി ആരംഭിക്കുന്നതിനായി കസ്റ്റഡി ട്രയലിന് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദ വാദം കേള്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വിശദമായ വാദം കോടതി കേട്ടു.

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചു കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ധനം സമ്പാദിക്കാൻ ലക്ഷ്യമിട്ട് അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും ശാസ്ത്രീയ പരിശോധന ഫലങ്ങളില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും പ്രഥമദൃഷ്ട്യാ പ്രതികള്‍ക്കെതിരെ ശക്തമായ കേസ് പ്രോസിക്യൂഷൻ സ്ഥാപിച്ചെടുത്തുവെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നല്‍കുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകള്‍ പി.അനുപമ(21) എന്നിവരാണ് പ്രതികള്‍.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *