20 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

20 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

കൊല്ലം : തൃശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ മോഹൻ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി.

മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. 18 വർഷത്തോളമായി ഈ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. റമ്മി കളിക്കുന്നതിനും ആഡംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

18 വർഷത്തെ വിശ്വാസം മുതലെടുത്ത് ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പോലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്‍റെയും സഹോദരന്‍റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് 20 കോടിയോളം രൂപ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചെത്തിയെങ്കിലും മറുപടി നല്‍കിയില്ല. ഇത് കമ്പനിയിലറിഞ്ഞതോടെയാണ് കള്ളികളോരോന്നായി പുറത്തായത്

കൈയ്യിലെത്തിയ പണം ഉപയോഗിച്ചത് ആഢംബരത്തിനും ധൂര്‍ത്തിനുമാണ്. വലപ്പാട് സ്ഥലം വാങ്ങി വീടുവച്ചിരുന്നു. കാര്‍ പാര്‍ക്കുചെയ്യാനും മറ്റും അഞ്ചു സെന്‍റ് സ്ഥലം കൂടി ഈ അടുത്ത് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവർക്കുള്ളത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച കമ്പനിയുടെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ പരാതി പോലീസിന് നല്‍കിയതിന് പിന്നാലെ ധന്യ വീടു പൂട്ടി കടന്നു കളയുകയായിരുന്നു. വലപ്പാട് പോലീസ് പൂട്ടുതകര്‍ത്ത് പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ അറിവോടെ നടത്തിയ ആസൂത്രിത തട്ടിപ്പെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് ധന്യ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നത്.
<BR>
TAGS : ARRESTED | THRISSUR
SUMMARY :  20 crore fraud; The main accused Dhanya Mohan surrendered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *