64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; നന്ദിയറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; നന്ദിയറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്‌തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചത് അത്ഭുതകരമായിരുന്നുവെന്നും അതിന് രാജ്യത്തെ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും രാജീവ് കുമാർ പറഞ്ഞു

തിരഞ്ഞെടുപ്പ് നടപടികളില്‍ യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച ഉന്നത നേതാക്കള്‍ക്കെതിരെ അടക്കം കേസെടുത്തു. പരാതികളില്‍ നോട്ടീസ് നല്‍കി. പദവി നോക്കാതെ നടപടിയെടുത്തു.

ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് 2024 എന്ന് അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.

താരപ്രചാരകരെ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 4,391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി.

23 രാജ്യങ്ങളില്‍ നിന്നുള്ള 75 പ്രതിനിധികള്‍ ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS: ELECTION 2024, ELECTION COMMISSION
KEYWORDS: 64 crore people voted, a world record, thanks Election Commission

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *