തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 8,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ‘യുവ ഉഡാൻ യോജന’ പദ്ധതി പ്രകാരം ഒരുവർഷത്തേക്കായിരിക്കും സാമ്പത്തിക സഹായം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. ‘ഫെബ്രുവരി അഞ്ചിന് ഡല്‍ഹിയിലെ ജനങ്ങള്‍ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ്. ഈ അവസരത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പുതിയ ഗ്യാരണ്ടികള്‍ അവതരിപ്പിക്കുകയാണ്. വിദ്യാസമ്പന്നരായ, തൊഴിരഹിതരായ യുവാക്കള്‍ക്ക് ഒരുവർഷത്തേയ്ക്ക് മാസം 8,500 വീതം നല്‍കാൻ ഞങ്ങള്‍ തീരുമാനിച്ചു. ഇതൊരു സാമ്പത്തിക സഹായം മാത്രമല്ല. പരിശീലനം ലഭിച്ചിട്ടുള്ള മേഖലയില്‍തന്നെ അവരെ ഉള്‍കൊളളിക്കാൻ ഞങ്ങള്‍ ശ്രമിക്കും’- സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

പ്യാരി ദീദീ യോജനയ്ക്ക് കീഴില്‍ യോഗ്യരായ വനിതകള്‍ക്ക് മാസം 2,500 രൂപയുടെ ധനസഹായം, ജീവൻ രക്ഷാ യോജനയിലൂടെ ഡല്‍ഹി നിവാസികള്‍ക്ക് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് കവറേജ് എന്നിവ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് മൂന്നാമത്തെ ഗ്യാരണ്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രകടന പത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും, ക്ഷേമ പദ്ധതികളിലും സാമ്പത്തിക പ്രോത്സാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ച് ഗ്യാരണ്ടികള്‍ പാർട്ടി വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. 2015ലെയും 2020ലെയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളും 62 സീറ്റുകളും നേടിയാണ് ആം ആദ്‌മി പാർട്ടി വിജയിച്ചത്. ബിജെപി മൂന്ന് സീറ്റുകളും എട്ട് സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

TAGS : CONGRESS
SUMMARY : 8,500 per month for unemployed youth; Congress with a promise

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *