ടി- 20ലോകകപ്പ്; പാകിസ്ഥാനെതിരെ ആവേശജയം നേടിയെടുത്ത് ഇന്ത്യ

ടി- 20ലോകകപ്പ്; പാകിസ്ഥാനെതിരെ ആവേശജയം നേടിയെടുത്ത് ഇന്ത്യ

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യ. ന്യു യോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശം അവസാന ഓവറിലേക്ക് അണപൊട്ടിയൊഴുകിയ പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ 19 ഓവറില്‍ 119 റണ്‍സില്‍ പുറത്തായി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ബാറ്റര്‍മാരെ ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവരുടെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക്. രണ്ടാമത്തെ മത്സരവും തോറ്റത് പാകിസ്ഥാന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ക്കും തിരിച്ചടി.

താരതമ്യേന ചെറിയൊരു വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍റെ ബാറ്റിങ് ഏറെ കരുതലോടെയായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് കളയാതിരിക്കാൻ നായകൻ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ശ്രമിച്ചു. എന്നാല്‍, അഞ്ചാം ഓവര്‍ എറിഞ്ഞ ജസ്‌പ്രീത് ബുംറ ബാബറിനെ (10 പന്തില്‍ 13) തന്നെ വീഴ്‌ത്തിക്കൊണ്ട് പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
നാല് ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റുകള്‍ പിഴുത ജസ്‌പ്രീത് ബുംറയാണ് കളിയിലെ താരം. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കി. വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജിന്‍റെ പ്രകടനവും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ തകര്‍ത്തത് ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളാണ്. പാക് പേസര്‍ മുഹമ്മദ് ആമിറും മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്തു. 31 പന്തില്‍ 42 റണ്‍സ് നേടിയ റിഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.
<BR>
TAGS : INDIA VS PAKISTAN  | T20 WORLD CUP
SUMMARY : India with a thrilling win against Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *