പ്ലസ് വണ്‍ പ്രവേശനം; രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം; രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ രണ്ടാമത്തെ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ 12ന് രാവിലെ 10 മുതല്‍ ജൂണ്‍ 13 വൈകിട്ട് അഞ്ച് മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്‌മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWSലെ Second Allot Results ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെൻറ് ലഭിച്ചവർ സ്‌കൂളില്‍ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നല്‍കും.

ഒന്നാം അലോട്ട്മെൻറില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് ഈ അലോട്ട്മെൻറില്‍ ഉയർന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെൻറ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച്‌ സ്‌ഥിരപ്രവേശനം നേടണം.

അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല.

വിദ്യാർത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം ജൂണ്‍ 13ന് വൈകീട്ട് അഞ്ചിന് മുമ്പായി തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണം.

ആദ്യ അലോട്മെന്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്ച പൂർത്തിയായി. 2,45,944 പേരാണ് ആദ്യത്തേതില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 1,20,176 കുട്ടികള്‍ സ്ഥിരം പ്രവേശനം നേടി. 99,420 പേർ ഉയർന്ന ഓപ്ഷനുകള്‍ പ്രതീക്ഷിച്ച്‌ താത്കാലികമായി സ്കൂളുകളില്‍ ചേർന്നു. 25,156 പേർ പ്രവേശനം നേടിയില്ല. രേഖകളുടെ അസല്‍ പ്രവേശനസമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന 1,189 പേരുടെ അലോട്മെന്റ് റദ്ദായി.


TAGS: EDUCATION| KERALA|
SUMMARY: Plus one entry; 2nd allotment list published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *