ഡൽഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ 13-കാരൻ; പ്രതി പിടിയിൽ

ഡൽഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ 13-കാരൻ; പ്രതി പിടിയിൽ

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണി സന്ദേശത്തിന് പിന്നില്‍ 13-കാരന്‍. എയര്‍ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂണ്‍ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ബോംബ് ഭീഷണി നേരിട്ട വിമാനത്തില്‍ 301 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സന്ദേശം ലഭിച്ച ഉടന്‍ വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരേയും ജീവനക്കാരേയും ഒഴിപ്പിച്ചു. തുടര്‍ന്ന് ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയശേഷമാണ് വിമാനത്തില്‍ സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിമാനത്തിന്‍റെ യാത്ര അധികൃതര്‍ റദ്ദാക്കി.

പതിവുപോലെ പോലീസും സുരക്ഷാ സേനയും പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് തെളിയുകയും ചെയ്തു. പക്ഷേ ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം മറുവശത്ത് ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ‘പ്രതി’യെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. മീററ്റ് സ്വദേശിയാണ് കുട്ടി.

ബോംബ് ഭീഷണി സന്ദേശമയച്ചത് താനാണെന്ന് സമ്മതിച്ച 13-കാരന്‍ അതിന്റെ കാരണവും പോലീസിനോട് തുറന്നുപറഞ്ഞു. പുതിയതായി നിര്‍മിച്ച ഇ-മെയില്‍ ഐ.ഡിയില്‍ നിന്നാണ് കുട്ടി സന്ദേശം അയച്ചത്. അധികൃതര്‍ക്ക് സന്ദേശത്തിന്റെ ഉറവിടം തേടി തന്നെ കണ്ടുപിടിക്കാന്‍ കഴിയുമോ എന്ന് അറിയാനാണ് വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം അയച്ചത് എന്നാണ് കുട്ടി പറഞ്ഞത്. സന്ദേശമയയ്ക്കാനായി ഒരു വ്യാജ മെയിൽ ഐഡിയും ഉണ്ടാക്കി. വീട്ടിലെ വൈഫൈ കണക്ഷൻ ഉപയോ​ഗിച്ച് സ്വന്തം ഫോണിൽ നിന്നായിരുന്നു മെയിൽ അയച്ചതെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഭീഷണി സന്ദേശം അയച്ച ശേഷം ജി-മെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി.

അതേസമയം വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ 13-കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കളുടെ കസ്റ്റഡിയിലേക്ക് വിട്ടു.

<B>
TAGS :FAKE BOMB THREAT | DELHI AIRPORT
SUMMARY : 13-year-old behind Delhi airport bomb threat; Accused in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *