മതവിശ്വാസത്തെ അവഹേളിക്കുന്നു; ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

മതവിശ്വാസത്തെ അവഹേളിക്കുന്നു; ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ (HAMARE BAARAH) റിലീസ് തടഞ്ഞ് സുപ്രീം കോടതിയും. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഈ കേസ് ബോംബെ ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. മുസ്ലീം മതവിശ്വാസത്തെയും മുസ്ലീം സ്ത്രീകളെയും അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ഹര്‍ജി എത്തിയത്.

സിനിമയുടെ ടീസറിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങളെല്ലാം നീക്കം ചെയ്തതായി സിനിമാ നിർമ്മാതാവിന്റെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിച്ചു. സ്റ്റേ ഉത്തരവിൻ്റെ പേരിൽ നഷ്ടം സഹിക്കേണ്ടിവരുമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. “ഞങ്ങൾ ഇന്ന് രാവിലെ ടീസർ കണ്ടു, അതിൽ എല്ലാ സീനുകളും ഉണ്ട്. ടീസർ തന്നെ ഇത്രയും പ്രശ്നമാണെങ്കിൽ മുഴുവൻ സിനിമയുടെയും കാര്യം എന്താകും?” – കോടതി ചോദിച്ചു.

നേരത്തെ ചിത്രത്തിനെതിരെ നല്‍കിയ പരാതി പരിഗണിച്ച ബോംബെ ഹൈക്കോടതി ആദ്യ ഘട്ടത്തിൽ ജൂൺ 14 വരെ ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് ചലച്ചിത്ര നിർമ്മാതാവിനെ വിലക്കിയിരുന്നു. ഇത് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം, സിനിമ കാണുന്നതിന് മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളെങ്കിലും ഉൾപ്പെടുന്ന മൂന്നംഗ സമിതി രൂപീകരിക്കാനും സിബിഎഫ്‌സിക്ക് കോടതി നിർദേശം നൽകി.എന്നാൽ, ചിത്രത്തിലെ ചില സംഭാഷണങ്ങൾ നീക്കം ചെയ്യാൻ നിർമ്മാതാക്കൾ സമ്മതിച്ചതിനെത്തുടർന്ന് കോടതി പിന്നീട് സിനിമയുടെ റിലീസ് അനുവദിക്കുകയായിരുന്നു.

സിനിമയുടെ ഉള്ളടക്കം വർഗീയ സംഘർഷത്തിന് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കർണാടക സർക്കാരും സിനിമയുടെ റിലീസ് തടഞ്ഞിരുന്നു.

അന്നു കപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ് സാമ്താന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാരാ. കമല്‍ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം ബിരേന്ദര്‍ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാല്‍, ഷിയോ ബാലക് സിങ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
<BR>
TAGS : HAMARE BAARAH MOVIE | SUPREME COURT,
SUMMARY : Insulting religious faith; ‘Hindi film ‘Hamare Bara’ stayed by Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *