വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ – പാസ് സംവിധാനം നടപ്പാക്കാനൊരുങ്ങി സർക്കാർ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ – പാസ് സംവിധാനം നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ – പാസ് സംവിധാനം നടപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ പദ്ധതിയിടുന്നത്. വനമേഖലയിലും പർവതപ്രദേശങ്ങളിലുമാണ് സർക്കാർ സഞ്ചാരികളെ നിയന്ത്രിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങൾ വന്നേക്കും.

ഇതിനായി ടൂറിസം നയങ്ങളിൽ മാറ്റംവരുത്താനും ആലോചനയുണ്ട്. കൂടുതൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികൾ ആവശ്യമാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കർണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ മാസമാണ് ഊട്ടിയിലും കൊടൈക്കനാലിലും തമിഴ്നാട് സർക്കാർ ഇ-പാസ് നടപ്പിലാക്കിയത്. വേനൽക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യ വാഹനയാത്രികർക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണിത്.

TAGS: KARNATAKA| TOURISM
SUMMARY: Karnataka government considering to have epass to tourist spots

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *