മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്

മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മന്ത്രിസഭയിലേക്ക്

ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. കെ രാധാകൃഷ്ണൻ എംപിയായതിനെതുടർന്ന് രാജിവച്ച ഒഴിവിലാണ് അദ്ദേഹം മന്ത്രിസ്ഥാനത്ത് എത്തുന്നത്. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആര്‍ കേളു.

അതേസമയം, കേരള മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി.എന്‍ വാസവന് ദേവസ്വം വകുപ്പിന്‍റെ ചുമതല നല്‍കും. പാര്‍ലമെന്‍ററി കാര്യവകുപ്പ് എം.ബി രാജേഷിന് നല്‍കും. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

വയനാട് ജില്ലയില്‍ നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവായിരുന്നു ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്.രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം.

തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച്‌ മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലും വിജയം ആവർത്തിച്ചു.


TAGS: KERALA| OR KELU| MINISTER|
SUMMARY: Mananthavadi MLA OR Kelu to Cabinet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *