കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 52 ആയി

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 52 ആയി

ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 52 ആയി. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു

സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് നിരവധി പേരുടെ ജീവനാണ്. 19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയിൽ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതൽ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തിൽ ദുരന്തം ഉണ്ടായതെന്ന് അധികൃതർക്കും ബന്ധുക്കൾക്കും മനസിലായത്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.

സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. മദ്യ വിൽപന നടത്തിയ ഗോവിന്ദരാജ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.

ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പോലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു. പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

<br>

TAGS : HOOCH TRAGEDY | TAMILNADU
SUMMARY : Kallakurichi hooch tragedy death toll rise to fifty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *