ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊല്ലാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി. അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി ഉയരുകയാണ്. ഇതിന്റെ ഭാഗമായി ശരീര ഭാരം കുറഞ്ഞു വരികയാണ്. എന്നാല്‍, ഇന്‍സുലിന്‍ കുത്തിവെപ്പ് അടക്കം ജയിലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അതിഷി ആരോപിച്ചു. ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കെജ്രിവാളിനെ കൊല്ലാനാണ് നീക്കം നടക്കുന്നതെന്നും അവർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വീട്ടില്‍ നിന്ന് തയ്യാറാക്കുന്ന ഭക്ഷണം നല്‍കാൻ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതിനും അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ജയിലില്‍ വച്ച് തന്നെ കെജ്രിവാളിനെ അപകടപ്പെടുത്താനാണ് നീക്കമെന്നാണ് വീഡിയോ പ്രസ് മീറ്റിലൂടെ അതിഷി ആരോപിച്ചത്.


പ്രമേഹരോഗ ബാധിതനായ കെജ്രിവാൾ മാങ്ങയും മധുരപലഹാരങ്ങളും കഴിച്ച് രോഗതീവ്രത കൂട്ടി ജാമ്യത്തിനായി ശ്രമിക്കുകയാണെന്ന് നേരത്തേ ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കണമെന്നും ചികിത്സക്കായി ഡോക്ടറെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ ഡൽഹി കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി കോടതി പരിഗണിക്കവെയായിരുന്നു ഇ.ഡിയുടെ ആരോപണം. ഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തുവന്നത്.

The post ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി appeared first on News Bengaluru.