നീറ്റ് പരീക്ഷാ ക്രമക്കേട്: കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

നീറ്റ് പരീക്ഷാ ക്രമക്കേട്: കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷാ ക്രമക്കേടില്‍ കേസെടുത്ത് സി ബി ഐ. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എൻ.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.

പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കേസില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനായി സംഘത്തിലെ അംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു.

എന്‍ടിഎ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് സിബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസില്‍ നിന്ന് ഇ ഡി വിവരങ്ങള്‍ തേടിയിട്ടുണ്ട്.

പരീക്ഷാക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്. നീറ്റ് പുനപരീക്ഷ ആവിശ്യപ്പെട്ട് ജന്ദർമന്തറിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്ക് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പുനപരീക്ഷ നടന്നു. ഛത്തീസ്ഗഡിൽ 70 വിദ്യാർഥികളും ചണ്ഡിഗഡിൽ മുഴുവൻ വിദ്യാർഥികളും പരീക്ഷയിൽ പങ്കെടുത്തില്ല.

അതേസമയം ക്രമക്കേടില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്കും കൂടി ബിഹാര്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ 24 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നാര്‍ക്കോ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.
<br>
TAGS : NEET EXAM | CBI | NTA-NEET2024
SUMMARY : NEET exam malpractice: CBI registers case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *