കെ.കെ. രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കെ.കെ. രമയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം പാളിയതിന് പിന്നാലെ കെ.കെ. രമ എം.എല്‍.എയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ട്രൗസർ മനോജിന് ശിക്ഷയിളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊളവല്ലൂർ എ.എസ്.ഐ കെ.കെ. രമയുടെ മൊഴിയെടുത്തത്.

ടി.പി കേസ് പ്രതികള്‍ക്ക് 20 വർഷം വരെ ശിക്ഷയിളവ് പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം നടന്നത്. നീക്കം പാളിഞ്ഞതോടെ ജയില്‍ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് തിരക്കിട്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷൻ നിയമസഭയില്‍ ചർച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സസ്പെൻഷൻ വിവരം പുറത്തുവിട്ടത്. സർക്കാർ ഉത്തരവ് പ്രകാരമാണ് ശിക്ഷയിളവ് പട്ടിക തയാറാക്കി നല്‍കിയതെന്ന കണ്ണൂർ ജയില്‍ സൂപ്രണ്ടിന്‍റെ വിശദീകരണം സർക്കാർ വാദത്തെ സംശയത്തിലാക്കിയിരുന്നു.

വിഷയം നിയമസഭയില്‍ ചർച്ചയായ ശേഷമാണ് ശിക്ഷയിളവ് നല്‍കുന്നതില്‍ അഭിപ്രായം തേടി പോലീസ് മൂന്നു തവണ ടി.പിയുടെ വിധവ കെ.കെ. രമ എം.എല്‍.എയെ സമീപിച്ചത്. ഏറ്റവുമൊടുവില്‍ ജൂണ്‍ 26ന് രാത്രിയും കൊളവല്ലൂർ പോലീസില്‍ നിന്ന് കെ.കെ. രമയെ ഫോണില്‍ വിളിച്ച്‌ അഭിപ്രായം തേടി. ശിക്ഷയിളവ് നീക്കം സർക്കാർ നിഷേധിക്കുമ്പോഴും അതിനുള്ള പ്രാഥമിക നടപടികള്‍ പോലീസ് പൂർത്തിയാക്കിയിരുന്നു.

ഹൈകോടതി ഉത്തരവ് മറികടന്നുള്ള ശിക്ഷയിളവ് നീക്കത്തില്‍ കോടതിയലക്ഷ്യ കേസ് വരാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നടപടി. ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് സർക്കാർ ആലോചിച്ചിട്ടേയില്ലെന്നാണ് പിന്നീട് വിശദീകരിച്ചത്.

TAGS : KK RAMA | POLICE | SUSPENDED
SUMMARY : The police officer who took K.K Rama’s statement has been transferred

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *