യു പിയില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു, ഏറെയും സ്ത്രീകളും കുട്ടികളും

യു പിയില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു, ഏറെയും സ്ത്രീകളും കുട്ടികളും

ഹത്രാസ്: യു പിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. തിക്കിലും തിരക്കിലും പെട്ട് 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മിക്കവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അറുപതോളം പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരുക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ഹത്രാസ് ജില്ലാ കളക്ടര്‍ അഭിഷേക് കുമാര്‍ പറഞ്ഞു.

സിക്കന്തറ റാവോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന സ‌ത്‌സംഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്. സകർ ഹരിബാബ എന്ന ആത്മീയ നേതാവിന്റെ കേന്ദ്രത്തിലാണ് സ‌ത്‌സംഗം നടന്നത്. നൂറുകണക്കിന് പേരാണ് സത്‌സംഗത്തിൽ പങ്കെടുത്തത്. വലിയ പന്തൽ കെട്ടിയയിടത്തായിരുന്നു പരിപാടി നടന്നത്. കനത്ത ചൂടിനിടെ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്. ആദ്യം പുറത്താകാനുള്ള ഓട്ടത്തിനിടയിൽ തിക്കും തിരക്കും ഉണ്ടായി. ആളുകൾ പരസ്പരം വീണു. ഭൂരിഭാഗം ആളുകളും ചതഞ്ഞരഞ്ഞാണ് മരിച്ചത്.

മരിച്ചവരെ ഫുൽറായിയിൽ നിന്ന് ഹത്രസിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് (സിഎച്ച്സി) കൊണ്ടുവന്നു. ടെമ്പോകളിലും ബസുകളിലുമാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിക്ക് പുറത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എക്‌സ് പോസ്റ്റിൽ അറിയിച്ചു. സംസ്ഥാന മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിംഗും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

<BR>
TAGS : UTTAR PRADESH | STAMPEDE
SUMMARY : Mass tragedy during religious ceremony in UP; More than 100 people died in the stampede

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *