സ്‌കൂളിൽ ഹിപ്‌നോട്ടിസം പരീക്ഷിച്ച് സഹപാഠി; നാല് വിദ്യാർഥികൾ കുഴഞ്ഞു വീണു

സ്‌കൂളിൽ ഹിപ്‌നോട്ടിസം പരീക്ഷിച്ച് സഹപാഠി; നാല് വിദ്യാർഥികൾ കുഴഞ്ഞു വീണു

യൂട്യൂബ് നോക്കി ഹിപ്പ്നോട്ടിസത്തിന് വിധേയമായ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നാടിനെ നടുക്കിയ ഹിപ്‌നോട്ടിസം അരങ്ങേറിയത്. യുട്യൂബിൽ നിന്ന് കണ്ടുപഠിച്ച് സഹപാഠി ഹിപ്‌നോട്ടിസം വിദ്യാര്‍ഥികളിൽ പരീക്ഷിക്കുകയായിരുന്നു. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നത്രെ ഹിപ്‌നോട്ടിസം. സ്‌കൂളിൽ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാര്‍ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച് വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ആദ്യം എത്തിച്ചത് മൂന്ന് പേരെയായിരുന്നു. പിറകെയാണ് മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ആദ്യം ആശുപത്രിയിൽ എത്തിയ കുട്ടികൾ സാധാരണ നിലയിലേക്കെത്തി.

ഒടുവിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ എ.ആർ. മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. വൈകിട്ടോടെ എല്ലാവരും സാധാരണ നിലയിലേക്ക് എത്തിയതോടെയാണ് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ആശ്വാസം വീണത്.

കുട്ടികൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ സാധാരണ നിലയിലേക്ക് എത്തിയപ്പോഴാണ് ഹിപ്പ്നോട്ടിസം പരീക്ഷിച്ചകാര്യം പുറത്തായത്.
<BR>
TAGS : HYPNOTISM | THRISSUR
SUMMARY : A classmate tried hypnotism at school; Four students collapsed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *