ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ജൂലൈ 22 വരെ മുല്ലയാനഗിരി, സീതലയ്യനഗിരി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ (പിഡബ്ല്യുഡി) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡിസി പറഞ്ഞു.

22ന് ശേഷം ടൂറിസ്റ്റ് ബുക്കിംഗുകൾ ഓൺലൈനിൽ നടത്തും. ട്രെക്കിങ്ങിന് പ്രതിദിനം എത്തുന്നവരുടെ സംഖ്യ നിയന്ത്രിക്കും. ശനിയാഴ്ച മാത്രം 2,300 ഓളം പേരാണ് ഇരുസ്ഥലങ്ങളിലും എത്തിയത്. ഞായറാഴ്ച 2,187 വാഹനങ്ങളാണുണ്ടായിരുന്നത്. പാർക്കിങ് ഏരിയ നിറഞ്ഞതിനാൽ പല വാഹനങ്ങളും തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു.

മുല്ലയ്യനഗിരിക്ക് ചുറ്റും തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ പാതയിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റോഡിന് വീതി കുറവായതിനാൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ചൂണ്ടിക്കാട്ടി.

സ്ഥിതി മെച്ചപ്പെട്ടാൽ ജൂലൈ 22ന് ശേഷം മുല്ലയ്യനഗിരിയിലും സീതലയ്യനഗിരിയിലും വിനോദസഞ്ചാരികളുടെ പ്രവേശനം പുനരാരംഭിക്കാനാകുമെന്നാണ് തീരുമാനമെന്നും ഡിസി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TOURISM | BAN
SUMMARY: Tourist entry barred around Mullayyanagiri, Sitalayyanagiri temporarily due to heavy rain

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *