തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു..കോളറ രോഗികളെ പരിചരിച്ച മെഡിക്കല്‍ കോളജിലെ നഴ്‌സിന്റെ ഭര്‍ത്താവിനാണ് കോളറ സ്ഥിരീകരിച്ചത്. ഇന്നലെയാണ് നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

അതേസമയം, നെയ്യാറ്റിന്‍കരയിലെ രോഗബാധയുടെ ഉറവിടം വാട്ടര്‍ ടാങ്കെന്ന് കണ്ടെത്തല്‍. കോളറയുടെ അണുക്കള്‍ വാട്ടര്‍ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ബാക്ടീരിയ ‘കോളറാ ടോക്‌സിന്‍’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹികുന്നുണ്ട്. ബാക്ടീരിയ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 12 മണിക്കൂര്‍ മുതല്‍ 5 ദിവസം വരെ എടുക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാം.

ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഛര്‍ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.
<BR>
TAGS : CHOLERA | KERALA
SUMMARY : One more cholera confirmed in Thiruvananthapuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *