രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ; അർജുനെ കണ്ടെത്തിയാലുടൻ എയർലിഫ്റ്റ് ചെയ്യും

രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ; അർജുനെ കണ്ടെത്തിയാലുടൻ എയർലിഫ്റ്റ് ചെയ്യും

ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ. ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും അർജുന്റെ കുടുംബവും. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്‍റെ ലോറിക്കടുത്തേക്ക് എത്താൻ സാധിക്കുമെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.

നിലവിൽ രക്ഷാപ്രവർത്തനത്തിനായി നേവി, എസ്ഡിആർഎഫ്, എൻഡിആർഎഫ്, മറ്റ്‌ സംഘങ്ങൾ സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തകനായ മലയാളി രഞ്ജിത്ത് ഇസ്രായേല്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. 11 മണിക്ക് സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും. കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തിയാല്‍ എയര്‍ ലിഫ്റ്റിങ് ചെയ്യുമെന്നും അതിനായുള്ള ഒരുക്കം നടക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എയര്‍ ലിഫ്റ്റ് ചെയ്യാൻ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.

അതേസമയം, ഷിരൂരില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. ലോറി ലൊക്കേറ്റ് ചെയ്താല്‍ അടുത്തേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് രക്ഷാപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത് ഇസ്രായേല്‍ പറഞ്ഞു. മണ്ണിടിഞ്ഞുവീണ റോഡിന്റെ നടുഭാഗത്ത് നിന്ന് ശനിയാഴ്ച വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70 ശതമാനം യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം. സി​ഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവ‍ര്‍ത്തനം ഇന്നലെ നിർത്തിവെക്കുകയായിരുന്നു.

TAGS: ARJUN | LANDSLIDE
SUMMARY: Will airlift arjun and others if found says ankola mla

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *