ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. ‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ഒരു മോഡൽ ആദ്യമുണ്ടായത് ഗ്രീസിലാണെന്ന് പറയുന്നു. നമ്മളേക്കാളൊക്കെ ബുദ്ധിയുണ്ടെന്ന് പറയുന്ന സോക്രട്ടീസ് അന്ന് ചോദിച്ചത്, ഭരിക്കാൻ കഴിവുള്ളവരെ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു. പക്ഷേ ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവരെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. നമ്മുടെ നാട്ടിൽ വിലകൂടിയ വിഷം കഴിക്കുന്നത് ആർഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്- തൃപ്പൂണിത്തുറയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാന്‍ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായി പറഞ്ഞപ്പോള്‍ ദുബായില്‍ നിന്ന് ലീവിനു വന്ന ഒരാള്‍ ചോദിച്ചു; എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാന്‍ പറഞ്ഞു, ദുബായില്‍നിന്നു വന്ന ഒരാള്‍ എന്നോട് ഇങ്ങനെ ചോദിക്കരുത്. ദുബായിലുള്ള ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാര്‍ട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അല്‍പം സ്‌നേഹം വേണം.

സുരേഷ് ഗോപി വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള ആളാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് എനിക്ക് താത്പര്യമില്ല. പക്ഷേ, അദ്ദേഹത്തോട് എനിക്ക് താത്പര്യമുണ്ട്. ശ്രീനിവാസൻ വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *