കേന്ദ്ര ബജറ്റ്; സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം കുറച്ചു

കേന്ദ്ര ബജറ്റ്; സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം കുറച്ചു

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ഫണ്ട് വിഹിതം മുൻവർഷത്തേക്കാൾ കുറച്ചു. 100 കോടി രൂപയുടെ വിഹിതമാണ് കുറച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പദ്ധതിക്കായി 350 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ വിഹിതം 450 കോടി രൂപയായിരുന്നു. നഗരത്തിലെ നാല് ഇടനാഴികളിലായി 148 കിലോമീറ്റർ ശൃംഖല നിർമിക്കുന്ന സബർബൻ റെയിൽ പദ്ധതിക്ക് 15,767 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന – കേന്ദ്ര സർക്കാറുകൾ പദ്ധതിയുടെ 40 ശതമാനം ചെലവ് വഹിക്കും. ബാക്കിയുള്ളത് പുറത്ത് നിന്നെടുക്കുന്ന വായ്പയിലൂടെയാണ് നടപ്പാക്കുക. ബെംഗളൂരുവിൽ സബർബൻ റെയിൽ എന്ന ആശയം ഏറെക്കാലമായി ആലോചനയിലുള്ളതാണ്.

ബെംഗളൂരുവിലെ ഗതാഗത സംവിധാനത്തിൽ നിർണായകപങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന സബർബൻ റെയിൽവേ പദ്ധതി 2027 ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചിരുന്നു.

രണ്ടാം ഇടനാഴിയിൽ ചിക്കബാനവാര മുതൽ യെശ്വന്തപുര വരെയുള്ള ഭാഗം 2025 ജൂണിൽ പൂർത്തിയാക്കും. യെശ്വന്തപുര മുതൽ ബെന്നിഗനഹള്ളി വരെയുള്ള ഭാഗം 2026 ജൂണിലും പൂർത്തിയാക്കും.

നാലാം ഇടനാഴിയിൽ ബെന്നിഗനഹള്ളി മുതൽ രാജനഗുണ്ഡെ വരെയുള്ള ഭാഗം 2026 ഡിസംബറോടെയും പൂർത്തിയാക്കും. ഒന്നാം ഇടനാഴി രണ്ടുഭാഗങ്ങളായിട്ടാണ് നിർമിക്കുന്നത്. യെലഹങ്ക മുതൽ ദേവനഹള്ളി വരെയുള്ള ഭാഗം 2026 ഡിസംബറോടെയും ബെംഗളൂരു സിറ്റിമുതൽ യെലഹങ്ക വരെയുള്ള ഭാഗം 2027 ഡിസംബറോടെയും പൂർത്തിയാക്കും. ഒന്ന്, മൂന്ന് ഇടനാഴികൾക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല.

നമ്മ മെട്രോ മാതൃകയിലാണ് സബർബൻ റെയിൽ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പദ്ധതി യാഥാർഥ്യമാക്കുന്ന കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കമ്പനി (കെ – റൈഡ്) മാനേജിങ് ഡയറക്ടർ മഞ്ജുള പറഞ്ഞു.

TAGS: BENGALURU | SUBURBAN PROJECT
SUMMARY: Union Budget slashes Bengaluru Suburban Railway Project allocation by ₹100 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *