രാജ്യം ചക്രവ്യൂഹത്തിൽ, നിയന്ത്രിക്കുന്നത് ആറുപേർ; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

രാജ്യം ചക്രവ്യൂഹത്തിൽ, നിയന്ത്രിക്കുന്നത് ആറുപേർ; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു. കുരുക്ഷേത്രത്തിൽ ക‌ർണനും ദ്രോണരും അശ്വഥാമാവും ശകുനിയും അടങ്ങുന്ന ആറ് അംഗ സംഘമാണ് അഭിമന്യുവിനെ വധിക്കാൻ കൂട്ടുനിന്നതെങ്കിൽ ഇന്ന് ആ ചക്രവ്യൂഹത്തിന് നേതൃത്വം നൽകുന്നത് മോദിയും അമിത്ഷായും മോഹൻ ഭാഗവതും അംബാനിയും അദാനിയും അജിത് ഡോവലുമാണെന്നും രാഹുൽ തുറന്നടിച്ചു.

നരേന്ദ്രമോദിയെയും ധനമന്ത്രി നിര്‍മല സിതാരാമനെയും പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗത്തില്‍ സ്പീക്കര്‍ ഓം ബിർള ഇടപെടുന്ന നിലയുണ്ടായി. രാഹുൽ പ്രസംഗത്തിനിടെ സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിച്ചെന്ന് പറഞ്ഞ് ബിജെപി അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് വിഷയത്തിൽ സ്പീക്കർ ഇടപെട്ടു. സഭയിൽ ഇല്ലാത്തവരുടെ പേര് പരാമർശിക്കരുതെന്ന് രാഹുലിന് താക്കീതും നൽകി. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ, അദാനി, അംബാനി എന്നതിന് പകരം എ1, എ2 എന്നാക്കാമെന്നും രാഹുൽ പരിഹസിച്ചു. ബജറ്റിൽ ദലിത്-ആദിവാസി വിഭാഗങ്ങളെയും അവഗണിച്ചു. രാജ്യത്തെ ജനങ്ങൾ ഭയപ്പാടിലാണ് ജീവിക്കുന്നത്. എല്ലാം കേട്ട് എന്റെ സുഹൃത്തുക്കൾ ചിരിക്കുന്നുണ്ടെങ്കിൽ പേടിയുടെ നിഴലിലാണ് അവർ. യുവാക്കൾ അഗ്നിവീറിന്റെ വലയിൽ കുടുങ്ങിയിരിക്കുന്നു. അഗ്നിവീറുകൾക്ക് പെൻഷൻ നൽകുന്നതിനെ കുറിച്ച് ബജറ്റിൽ സൂചിപ്പിക്കുന്നു പോലുമില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പദ്ധതികളെ കണക്കറ്റ് പരിഹസിച്ച രാഹുല്‍ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പെയ്ഡ് ഇന്റേണ്‍ഷിപ്പ് സ്‌കീമിനെ തമാശ എന്നായിരുന്നു പരാമര്‍ശിച്ചത്. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി എന്‍ഡിഎ സര്‍ക്കാര്‍ ചെയ്യാന്‍ തയ്യാറാകത്ത് ചെയ്യാന്‍ ഇന്ത്യ മുന്നണിയ്ക്ക് കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക വിളകള്‍ക്ക് നിയമപരമായ താങ്ങുവില നല്‍കുന്ന നിയമം ഞങ്ങള്‍ പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
<BR>
TAGS : RAHUL GANDHI | UNION BUDGET
SUMMARY : Rahul Gandhi  speech on budget

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *