മേജർ ജനറൽ വി. ടി. മാത്യു  വയനാട്ടിലേക്ക്; 330 അടി താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ

മേജർ ജനറൽ വി. ടി. മാത്യു വയനാട്ടിലേക്ക്; 330 അടി താൽക്കാലിക പാലത്തിന്റെ നിർമാണം ഉടൻ

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വി.ടി. മാത്യു ഉൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് വയനാട്ടിലേക്ക് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഏറ്റെടുക്കും.

ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ഇന്ന് രണ്ടു മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സ്ഥാപിക്കുമെന്ന് സൈന്യം അറിയിച്ചു. ഇന്ന് അതിരാവിലെയായി തിരുവനന്തപുരത്തു നിന്നുള്ള രണ്ട് കോളം സൈനിക സംഘം കൂടി രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മദ്രാസ്, മാറാത്ത റെജിമെന്റുകളിൽ നിന്നുള്ള 140 സൈനികരാണ് വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്നത്.

ദുരന്തബാധിത മേഖലയിൽ 330 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണവും സൈന്യം തുടങ്ങുന്നതായിരിക്കും. പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭാഗങ്ങൾ ബംഗളൂരുവിൽ നിന്നും നാളെ പുലർച്ചെ തന്നെ വയനാട്ടിൽ എത്തിക്കും. ആർമി എൻജിനീയറിങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമ്മാണത്തിനായി വയനാട്ടിൽ എത്തുക. ചെറു പാലങ്ങളുടെ നിർമാണത്തിനായുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളം വഴി എത്തിക്കുമെന്ന് സൈന്യം അറിയിച്ചു.

ഇനിയും നിരവധി മൃതദേഹങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കാൻ ഉണ്ടെന്നാണ് സൂചന. മൃതദേഹങ്ങളുടെ തിരച്ചിലിനായി സ്നിഫർ ഡോഗുകളെയും ഡൽഹിയിൽ നിന്നും എത്തിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. മൂന്ന് സ്നിഫർ ഡോഗുകളെയാണ് ഡൽഹിയിൽ നിന്നും എത്തിക്കുന്നത്. ഇതുവരെയായി 135 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മരിച്ചവരിൽ 116 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

TAGS: WAYANAD | LANDSLIDE
SUMMARY: Senior defence officers to land at meppadi today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *