പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മടനപ്പള്ളിയില്‍ 1940 ഡിസംബര്‍ 20-നാണ് യാമിനിയുടെ ജനനം. തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് ദീര്‍ഘകാലം ജീവിച്ചത്. സംസ്‌കൃത പണ്ഡിതനും കവിയുമായ എം.കൃഷണമൂര്‍ത്തിയാണ് പിതാവ്. അഞ്ച് വയസുള്ളപ്പോള്‍ ചെന്നൈയിലെ പ്രശസ്ത നര്‍ത്തകി രുക്മിണീ ദേവി അരുണ്ഡേലിന്റെ കലാക്ഷേത്ര നൃത്തവിദ്യാലയത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്നു. 1957-ല്‍ ചെന്നൈയിലായിരുന്നു അരങ്ങേറ്റം. പിന്നീട് തഞ്ചാവൂർ‌ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുർ ഗൗരിയമ്മ തുടങ്ങിയ നർത്തകരുടെ കീഴിൽ കൂടുതൽ‌ പരിശീലനം നേടി.

ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത ന‍‍ര്‍ത്തകിയായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി. പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്ഥാന നര്‍ത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തിയിരുന്നു. എ പാഷന്‍ ഫോര്‍ ഡാന്‍സ് എന്ന പേരില്‍ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്.
<BR>
TAGS : YAMINI KRISHNAMURTHY | CLASSICAL DANCE
SUMMARY : Famous dancer Yamini Krishnamurthy passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *