വീട്ടില്‍ക്കയറി വെടിവെപ്പ്; വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍

വീട്ടില്‍ക്കയറി വെടിവെപ്പ്; വനിതാ ഡോക്ടര്‍ നാലുദിവസം കസ്റ്റഡിയില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മയെ എയർഗണ്‍ ഉപയോഗിച്ച്‌ വെടിവച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി. ഡോ.ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. വീട്ടമ്മയെ വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റള്‍ കണ്ടെത്തുന്നത് അടക്കമുള്ള തെളിവെടുപ്പിനായാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ജൂലായ് 28-നാണ് വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ ഷിനിയെ വനിതാ ഡോക്ടര്‍ വീട്ടില്‍ക്കയറി വെടിവെച്ചത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേനയെത്തിയ സ്ത്രീ ഷിനിയ്ക്ക് നേരേ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. തടുക്കാന്‍ ശ്രമിച്ചതോടെ ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്.

പിന്നാലെ രണ്ട് തവണ കൂടി അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് മുഖംമറച്ചെത്തിയ വനിതാ ഡോക്ടര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ജൂലായ് 30-നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡ്യൂട്ടിക്കിടെ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഷിനിയുടെ ഭര്‍ത്താവ് സുജീത്തുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നതായും സുജീത്ത് തന്നെ അവഗണിച്ചതിന്റെ വൈരാഗ്യത്തിലാണ് ഷിനിയെ ആക്രമിച്ചതെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.

ഒരുവര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വനിതാഡോക്ടര്‍ വെടിവെപ്പ് നടത്തിയത്. ഓണ്‍ലൈന്‍ വഴിയാണ് എയര്‍പിസ്റ്റള്‍ വാങ്ങിയതെന്നും ഇന്റര്‍നെറ്റിലൂടെയാണ് വെടിവെയ്ക്കാനുള്ള പരിശീലനം നേടിയതെന്നും ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു. അതിനിടെ, അറസ്റ്റിലായതിന് രണ്ടാംദിവസം വനിതാ ഡോക്ടര്‍ സുജീത്തിനെതിരെ പീഡന പരാതി നല്‍കി.

TAGS : THIRUVANATHAPURAM | SHOOTING
SUMMARY : Shooting; Female doctor in custody for four days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *