സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ബെംഗളൂരു

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ബെംഗളൂരു

ബെംഗളൂരു: രാജ്യത്തിൻ്റെ 78–ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി കർണാടക. സംസ്ഥാനത്തെ പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന തലസ്ഥാന നഗരമായ ബെംഗളൂരുവിലെ എം.ജി.റോഡിലെ മനേക് ഷാ പരേഡ് മൈതാനത്ത് വ്യാഴാഴ്ച രാവിലെ 9-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയപതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

വിദ്യാർഥികളുടേയും വിവിധ സൈനിക വിഭാഗങ്ങളുടേയും മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ എന്നിവ ഉണ്ടാകും. ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ സാംസ്കാരികപരിപാടികൾ അവതരിപ്പിക്കും. സംസ്ഥാന ഓർഗൺ ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ വഴി അവയവങ്ങൾ ദാനംചെയ്ത 64 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ കെട്ടിടങ്ങളും നിരത്തുകളും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മറ്റു ബഹുനില കെട്ടിടങ്ങൾ എന്നിവ അടക്കം ത്രിവർണ്ണ പതാകയെ അനുസ്മരിക്കും വിധത്തിൽ ദീപാലംകൃതമാണ്.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മനേക് ഷാ പരേഡ് മൈതാനത്തും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ മാത്രം 3000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

മനേക് ഷാ പരേഡ് മൈതാനത്തിനു സമീപത്തെ റോഡുകളിൽ വ്യാഴാഴ്ച രാവിലെ ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ 6 മുതൽ 11 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ, കബൻ റോഡിൽ സിടിഒ സർക്കിൾ മുതൽ കെ.ആർ റോഡ്- ജംഗ്ഷൻ വരെയും എംജി. റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് വരെയുമാണ് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയത്. പരേഡ് കാണാനെത്തുന്നവർ വാഹനങ്ങൾ ശിവാജി നഗർ ബിഎംടിസി ടെർമിനലിൽ പാർക്ക് ചെയ്യണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.


<br>
TAGS : 78TH INDEPENDENCE DAY | KARNATAKA
SUMMARY : Bengaluru is gearing up for Independence Day celebrations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *