രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെ സ്ഫോടനക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് പ്രതികൾക്ക് കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ പ്രധാന പ്രതികളായ മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ താഹ എന്നിവർക്കാണ് കളിയിക്കാവിള കേസിൽ പങ്കുള്ളതായി എൻഐഎ കണ്ടെത്തിയത്. കഫെയിൽ ബോംബ് സ്ഥാപിച്ചയാളാണ് മുസ്സാവിർ ഹുസൈൻ ഷസീബ്. ഇരുവരെയും കളിയിക്കാവിള കേസിലെ അനുബന്ധ കുറ്റപത്രത്തിൽ എൻഐഎ പ്രതിചേർത്തു. എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്ക് ഇവർ ഒളിത്താവളം ഒരുക്കിയെന്നാണ് കണ്ടെത്തൽ.

കളിയിക്കാവിള കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമിനെയും ഉഡുപ്പിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.

കേസിൽ പ്രതികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയെന്നുമുള്ള വിവരവും പുറത്തുവന്നിരുന്നു. 2020 ജനുവരിയിലാണ് കളിയിക്കാവിള എഎസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സന്റെ കൊലപാതകം.

ബെംഗളൂരു ബ്രൂക്‌ ഫീൽഡിൽ സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫെയിൽ ഇക്കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. കഫെയിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ ബോംബ് അടങ്ങിയ ബാഗ് വാഷ്‌റൂമിനു സമീപമുള്ള ട്രേയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക് 12.55ന് ബാഗിൽ നിന്ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു സ്ഫോടനങ്ങൾ നടക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.

TAGS: BENGALURU | NIA | TERROR ACTIVITIES
SUMMARY: Rameswaram blast accused have connection with kaliyikavila case says nia

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *