വയനാട് ഉരുൾപൊട്ടൽ; 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ; 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇതുവരെ 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 179 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത്. ഇതിൽ 219 കുടുംബങ്ങൾ നിലവിൽ ക്യാമ്പുകളിലുണ്ട്. മറ്റുള്ളവർ വാടക വീടുകളിലേക്കോ, കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും.

75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപണികൾ നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. ഇതിൽ 123 എണ്ണം നിലവിൽ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം അനുവദിച്ച് നൽകിയിട്ടുണ്ട്.

മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ്.ഡി.ആർ.എഫിൽ നിന്നും 4 ലക്ഷം രൂപയും സി.എം.ഡി.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ അടക്കം ആറ് ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറി.

119 പേരേയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. ഇവരുടെ ബന്ധുക്കളിൽ നിന്ന് 91 പേരുടെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: WAYANAD | LANDSLIDE
SUMMARY: No one from 17 families alive in wayanad landslide says cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *