ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി; വി. വേണു 31ന് സ്ഥാനമൊഴിയും, ഭർത്താവിനു പിന്നാലെ ഭാര്യ ഉദ്യോഗസ്ഥരെ നയിക്കാനെത്തുന്നു

ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി; വി. വേണു 31ന് സ്ഥാനമൊഴിയും, ഭർത്താവിനു പിന്നാലെ ഭാര്യ ഉദ്യോഗസ്ഥരെ നയിക്കാനെത്തുന്നു

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ പ്ലാനിങ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ശാരദാ. ചീഫ് സെക്രട്ടറി ഡോ. വി. വേണു  ഓഗസ്റ്റ് 31ന് സ്ഥാനമൊഴിയും. വേണുവിന്‍റെ ഭാര്യയാണ് ശാരദാ മുരളീധരൻ. ഭർത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

ഡോ. വി.വേണുവും ശാരദാ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഇവരെക്കാള്‍ സീനിയോറിറ്റിയുള്ളതു മനോജ് ജോഷിക്കു മാത്രമാണ്. 2027 ജനുവരി വരെ കാലാവധിയുള്ള മനോജ് ജോഷി കേന്ദ്ര ഡപ്യൂട്ടേഷനില്‍നിന്നു മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണു വിവരം. ശാരദയ്ക്കു 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. മുന്‍പു വി.രാമചന്ദ്രന്‍–പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ്–ലിസി ജേക്കബ് ദമ്പതികള്‍ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ക്കു തൊട്ടുപിന്നാലെയല്ല മറ്റെയാള്‍ പദവിയിലെത്തിയത്.

കുടുംബശ്രീ മിഷന് പുതിയ ദിശാബോധം നൽകിയ ഉദ്യോഗസ്ഥയെന്ന നിലയില്‍ ശ്രദ്ധേയയാണ് ശാരദാ മുരളീധരന്‍. തിരുവനന്തപുരത്ത് തൈക്കാടാണ് ശാരദാ മുരളീധരന്റെ സ്വദേശം. അച്ഛന്‍ ഡോ. കെ.എ. മുരളീധരന്‍. അമ്മ കെ.എ.ഗോമതി. ഇരുവരും എന്‍ജിനീയറിങ് കോളജില്‍ അധ്യാപകരായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് തിളക്കത്തോടെയാണ് ശാരദയുടെ വിജയം. പിന്നീട് തിരുവനന്തപുരം വിമന്‍സ് കോളജില്‍ തുടര്‍പഠനം. എംഎയ്ക്ക് 1988ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്ക് പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷയും അഭിമുഖവും. ഐഎഎസ് ട്രെയിനിങ് സമയത്താണ് ജീവിത പങ്കാളിയായി ഡോ.വി. വേണുവിനെ കണ്ടെത്തിയത്.
<br>
TAGS : SHARADA MURALIDHARAN | CHIEF SECRETARY | KERALA
SUMMARY : Sharada Muralidharan next Chief Secretary

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *