വേനല്‍ മഴ; ബെസ്കോമിന് 1.18 കോടി രൂപയുടെ നാശനഷ്ടം

വേനല്‍ മഴ; ബെസ്കോമിന് 1.18 കോടി രൂപയുടെ നാശനഷ്ടം

ബെംഗളൂരു: അഞ്ച് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ പെയ്ത വേനല്‍ മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി ബെസ്കോം. മഴ കാരണം അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനാൽ ബെസ്കോമിനു 1.18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

33 ഹൈടെൻഷൻ തൂണുകൾ, 29 ലോ ടെൻഷൻ തൂണുകൾ, 11 ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ 305 വൈദ്യുത തൂണുകൾ മഴയിൽ തകർന്നു. 25.63 ലക്ഷം രൂപയാണ് ഇവയുടെ അറ്റകുറ്റപ്പണിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. 57 ട്രാൻസ്ഫോർമറുകൾക്കും 18 ഇരട്ട തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. യഥാക്രമം 86.20 ലക്ഷം രൂപയും 6.67 ലക്ഷം രൂപയും ഇവയുടെ അറ്റകുറ്റപ്പണി ചെലവ് കണക്കാക്കുന്നതായി ബെസ്‌കോം അധികൃതർ പറഞ്ഞു.

നാശനഷ്ടത്തെ തുടർന്ന് ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. പവർകട്ട് സംബന്ധിച്ച് 16,500 പരാതികളാണ് ബെസ്‌കോം ഹെൽപ്പ് ലൈനിൽ ലഭിച്ചത്. എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ഇലക്‌ട്രോണിക്‌സ് സിറ്റി, മാറത്തഹള്ളി, ഈസ്റ്റ്‌ ബംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയും വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ രണ്ട് ദിവസത്തെ തുടർച്ചയായ മഴയ്ക്ക് ശേഷം ശനിയാഴ്ച ബെംഗളൂരുവിൽ മഴ രേഖപ്പെടുത്തിയില്ല. ഞായറാഴ്ച മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും മെയ് 8 ന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *