എയർ ഇന്ത്യ സൗജന്യ ബാഗേജ് പരിധി 15 കിലോ ആയി കുറച്ചു

എയർ ഇന്ത്യ സൗജന്യ ബാഗേജ് പരിധി 15 കിലോ ആയി കുറച്ചു

ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിൻ്റെ പുതിയ പരമാവധി സൗജന്യ ബാഗേജ് പരിധി കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ട്രാവൽ ഏജൻ്റുമാർക്കുള്ള അറിയിപ്പിൽ, ‘എക്കണോമി കംഫർട്ട്’, ‘കംഫർട്ട് പ്ലസ്’ എന്നീ നിരക്കുകൾക്ക് കീഴിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 15 കിലോഗ്രാം വരെ ചെക്ക്-ഇൻ ബാഗേജ് മാത്രമേ കൊണ്ടുപോകാൻ അനുവദിക്കൂവെന്ന് എയർലൈൻ അറിയിച്ചു. നേരത്തേ ഇത് 20 കിലോയായിരുന്നു. എന്നാല്‍, ‘ഇക്കണോമി ഫ്‌ലെക്‌സി’നു കീഴില്‍ ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാര്‍ക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം.

2022-ലാണ് ടാറ്റ ഗ്രൂപ്പ്  എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്നപ്പോള്‍ നഷ്ടത്തിലായിരുന്ന എയര്‍ലൈനിനെ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് പുതിയ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. 2022-ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുമുമ്പ് സൗജന്യ ബാഗേജ് അലവന്‍സ് 25 കിലോയിരുന്നു. ഇത് 2023-ല്‍ 20 കിലോയായി കുറച്ചു. ഇപ്പോള്‍ 15 കിലോയായി നിജപ്പെടുത്തിയതോടെ എയര്‍ ഇന്ത്യയുടെ സൗജന്യ ബാഗേജ് അലവന്‍സ് മറ്റ് എയര്‍ലൈനുകള്‍ക്കു തുല്യമായി.

വിമാനക്കമ്പനികള്‍ കുറഞ്ഞത് 15 കിലോഗ്രാം സൗജന്യ ചെക്ക് ഇന്‍ ബാഗുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കണമെന്നാണ് ഡി.ജി.സി.എ. അനുശാസിക്കുന്നത്. എന്നാല്‍, സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറയ്ക്കല്‍, അധിക ബാഗുകള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കല്‍ തുടങ്ങി ബാഗേജ് നയങ്ങള്‍ എയര്‍ലൈനുകള്‍ നിരന്തരം പരിഷ്‌കരിക്കാറുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *