ഒറ്റദിവസത്തിനിടെ 2,500 പോലീസുകാർക്ക് സിപിആർ പരിശീലനം; ലോക റെക്കോർഡുമായി സിറ്റി പോലീസ്

ഒറ്റദിവസത്തിനിടെ 2,500 പോലീസുകാർക്ക് സിപിആർ പരിശീലനം; ലോക റെക്കോർഡുമായി സിറ്റി പോലീസ്

ബെംഗളൂരു: ഒരു ദിവസത്തിനിടെ 2,500 പോലീസുകാർക്ക് കാർഡിയോ പൾമണറി റെസസിറ്റേഷനിലും (സിപിആർ) അടിസ്ഥാന പ്രഥമശുശ്രൂഷ ലൈഫ് സപ്പോർട്ടിലും പരിശീലനം നൽകി ലോക റെക്കോർഡ് സൃഷ്ടിച്ച് ബെംഗളൂരു സിറ്റി പോലീസ്. ലാൻഡൻ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് സിറ്റി പോലീസ് ഇടംനേടിയിരിക്കുന്നത്.

ജനുവരി 14-ന് സങ്കൽപ ചേസ് കാൻസർ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ ട്രാഫിക് പോലീസ്, വിധാന സൗധയിലെ സുരക്ഷാ ഉദ്യോഗസ്ഥർ, രാജ് ഭവനിലെ 48 സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു.

ലോകത്ത് ഇതുവരെ ഏതാനും രാജ്യങ്ങൾ മാത്രമാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. ചെക്ക് റിപ്പബ്ലിക്കിലെ ജനസംഖ്യയുടെ 90 ശതമാനം പേർ സിപിആറിൽ പരിശീലനം നേടിയവരാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ജനസംഖ്യയുടെ 30 ശതമാനം പേർ സിപിആറിലും ലൈഫ് സപ്പോർട്ട് വൈദഗ്ധ്യത്തിലും പരിശീലനം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സിപിആർ അവബോധവും പരിശീലനവും 0.05 ശതമാനമാണെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ഡോ. ശാലിനി ആൽവ പറഞ്ഞു.

ഈ സാഹചര്യത്തിലും ഒറ്റദിവസം കൊണ്ട് 2500 പേർക്ക് പരിശീലനം നൽകിയതിലൂടെ സിറ്റി പോലീസ് മാതൃക ആയിരിക്കുകയാണെന്ന് ഡോ. ശാലിനി പറഞ്ഞു. പരിപാടിയുടെ സംഘാടകർ ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദിന് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി.

TAGS: BENGALURU | CITY POLICE
SUMMARY: Bengaluru City Police set world record in cpr skill training

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *