എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാട് സർക്കാർ പുനസ്ഥാപിച്ചേക്കും

എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാട് സർക്കാർ പുനസ്ഥാപിച്ചേക്കും

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള ബന്ധം സർക്കാർ പുനസ്ഥാപിച്ചേക്കും. രണ്ട് ബാങ്കുകളും 22.67 കോടി രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ സമ്മതിച്ചതിനാലാണിത്. ഈ ബാങ്കുകളുമായുള്ള ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

പൊതുഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഓഗസ്റ്റ് 12ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ രണ്ട് ബാങ്കുകളിലുമായി നിക്ഷേപിച്ച സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നടപടി. എല്ലാ സർക്കാർ വകുപ്പുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും ബോർഡുകൾക്കും കോർപ്പറേഷനുകൾക്കും സർക്കുലർ നൽകിയിരുന്നു. ഈ സ്ഥാപനങ്ങളിലുള്ള എല്ലാ നിക്ഷേപങ്ങളും പിൻവലിക്കുന്നതിന് പുറമെ ഈ ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യാനും സംസ്ഥാന ധനകാര്യ വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു.

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് 2012 നവംബറിൽ പിഎൻബിയുടെ രാജാജിനഗർ ശാഖയിൽ 25 കോടി നിക്ഷേപിച്ചിരുന്നു. നിക്ഷേപം കാലാവധി ആയപ്പോൾ ബാങ്ക് തിരികെ നൽകിയത് 13 കോടി മാത്രമാണ്. ബാക്കി 12 കോടി ബാങ്ക് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നാണ് സർക്കാർ കണ്ടെത്തിയത്.

സമാനമായി 2013ൽ കർണാടക സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിൽ അവന്യൂ റോഡ് ശാഖയിൽ 10 കോടി നിക്ഷേപിച്ചു. എന്നാൽ, സർക്കാർ നിക്ഷേപം, വ്യാജരേഖകൾ ചമച്ച് സ്വകാര്യകമ്പനി എടുത്ത വായ്‌പയിൽ ഉൾപ്പെടുത്തിയെന്ന് ബാങ്ക് അധികൃതർ അവകാശപ്പെട്ടു. തുടർന്ന്, നിക്ഷേപം തിരികെ നൽകാൻ ബാങ്ക് വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

TAGS: KARNATAKA | SBI | PNB
SUMMARY: Karnataka govt may reinstate the work orders with SBI and PNB

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *