ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: നടൻ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: നടൻ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ന്യൂയോർക്: ടൈറ്റാനിക്, ദി ലോർഡ് ഓഫ് ദി റിങ്സ്, ദി റിട്ടേൺ ഓഫ് ദി കിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

മാഞ്ചസ്റ്ററിലെ ബ്ലാക്ക്‌ലിയിൽ ഖനിത്തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സേവേറിയൻ കോളേജിലും തുടർന്ന് മാഞ്ചസ്റ്റർ പോളിടെക്‌നിക് സ്‌കൂൾ ഓഫ് ഡ്രാമയിലും പഠനം പൂർത്തിയാക്കിയാണ് ഹിൽ അഭിനയരംഗത്തേക്ക് എത്തിയത്. 1970ൽ നാടകത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം കഴിഞ്ഞ വർഷം വരെയും തുടർന്നു. എട്ട് നാടകങ്ങളിലും 40ലേറെ ടെലിവിഷൻ സീരീസുകളിലും 60ലേറെ സിനിമകളിലും അഭിനയിച്ചു. 1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോര്‍ഡ് ഓഫ് ദി റിങ്‌സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു.

റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ (1982) സർജന്റ് പുട്ട്‌നാമായി ബെർണാഡ് ഹിൽ അഭിനയിച്ചിരുന്നു. മാർട്ടിൻ ഫ്രീമാൻ അഭിനയിച്ച ബിബിസി സീരിസായ ദി റെസ്പോണ്ടറിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ബെര്‍ണാഡ് ഹില്ലിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചുവെക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *