പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

തന്റെ മുഖം വെളിവാക്കാതെയാണ് എല്ലാ ലൈംഗികാതിക്രമ വീഡിയോകളും പ്രജ്വല്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹാസനിലെ വീടിനു സമീപമുള്ള ഫാം ഹൗസില്‍ വെച്ചാണ് പീഡനരംഗങ്ങള്‍ ചിത്രീകരിച്ചത്. പ്രജ്വലിന്റെ നിര്‍ദേശപ്രകാരം സ്ത്രീകള്‍ ഇവിടെ എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതികളും മധ്യവയസ്‌കരായ സ്ത്രീകളുമൊക്കെ പീഡനത്തിനിരയായിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍, ജെഡിഎസിലെ പ്രാദേശിക വനിതാ ഭാരവാഹികള്‍, ജെഡിഎസ് അനുഭാവികളായ സ്ത്രീകള്‍ തുടങ്ങിയവരൊക്കെ ലൈംഗികാതിക്രമ ദൃശ്യങ്ങളിലുണ്ട്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രജ്വല്‍ ലൈംഗികമായി ഉപയോഗിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വീഡിയോകളില്‍ പ്രജ്വലിന്റെ ശബ്ദം വ്യക്തമാണ്. നേരിട്ടു ചിത്രീകരിച്ച വീഡിയോകള്‍ക്കു പുറമെ വാട്‌സ്ആപ് വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്തും പ്രജ്വല്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ മാത്രമാണ് പ്രജ്വലിന്റെ മുഖം അല്പമെങ്കിലും വ്യക്തമാകുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *