ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി

ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്തെത്തി

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പടെയുളളവര്‍ക്കായി തിരച്ചില്‍ നടത്താന്‍ ഗോവയില്‍ നിന്നും പുറപ്പെട്ട ഡ്രഡ്ജര്‍ കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്തെത്തി. ഇന്നലെ പുലര്‍ച്ചെയാണ് ഡ്രഡ്ജര്‍ ഗോവയില്‍ നിന്ന് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും. അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുക.

പാലങ്ങള്‍ തടസമായുള്ളതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക. കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെഡ്ജര്‍ വെസല്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്. നാളെ പുലര്‍ച്ചെയോടെ തന്നെ ഡ്രഡ്ജര്‍ ഷിരൂരിലെത്തുമെന്നാണ് വിവരം. .

നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും ആദ്യഘട്ട തിരച്ചില്‍ നടത്തുക എന്നാണ് വിവരം. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്. അര്‍ജുന്റെ കുടുംബവും ലോറി ഉടമയും വരും ദിവസങ്ങളില്‍ ഷിരൂരില്‍ എത്തും.

ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായിരുന്നു.
<BR>
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : Dredger for search at Shirur arrives at Karwar port

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *