ലബനനിലെ വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 20 ആയി, പിന്നിൽ മൊസാദെന്ന്‌ ഹിസ്ബുള്ള

ലബനനിലെ വാക്കി ടോക്കി സ്‌ഫോടനത്തില്‍ മരണം 20 ആയി, പിന്നിൽ മൊസാദെന്ന്‌ ഹിസ്ബുള്ള

ബെയ്റൂത്ത്: ലബനനിലെ സായുധ വിഭാഗമായ ഹിസ്ബുള്ളക്കാര്‍ ഉപയോഗിക്കുന്ന മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കി-ടോക്കി പൊട്ടിത്തെറിയിൽ മരണം 20 ആയി. 450 പേർക്കാണ് പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലുമായി വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി സുരക്ഷാ വൃത്തങ്ങളും ദൃക്സാക്ഷികളും അറിയിച്ചു.

ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ലെന്ന് ലബനൻ മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്.

ഹിസ്ബുള്ളയുടെ എംപിമാരായ അലി അമ്മാറിന്റെയും ഹസന്‍ ഫദ്ലുള്ളയുടെയും ആണ്‍ മക്കള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പരുക്കേറ്റവരില്‍ ഉന്നത ഹിസ്ബുള്ള നേതാക്കളുമുണ്ട്. ഇസ്രയേല്‍ ഹിസ്ബുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദെന്ന്‌ ആരോപിച്ച ഹിസ്ബുള്ള ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


<BR>
TAGS : LEBANON | WALKIE-TALKIE ATTACK
SUMMARY : Lebanon’s walkie-talkie explosion kills 20, Hezbollah says Mossad behind

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *