ആരോഗ്യ മന്ത്രിക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കോടതി

ആരോഗ്യ മന്ത്രിക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കോടതി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ധ പാകിസ്താനിയെന്നായിരുന്നു മന്ത്രിക്കെതിരായ എംഎല്‍എയുടെ പരാര്‍മശം. മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ മുസ്ലിമായതിനാലായിരുന്നു എംഎല്‍എയുടെ അര്‍ധ പാകിസ്താനി പരാമര്‍ശം. ഇതിനെ ഹൈക്കോടതി ജസ്റ്റിസ് എം. നാഗപ്രസന്ന രൂക്ഷമായി വിമർശിച്ചു. മുസ്ലിമിനെ വിവാഹം ചെയ്തതുകൊണ്ട് അദ്ദേഹത്തെ പാകിസ്താനിയെന്നു വിളിക്കാനാവില്ല. ഒരു പ്രത്യേക സമുദായത്തിനു പ്രത്യേക പരിവേഷം നല്‍കാന്‍ ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വാക്കാല്‍ പറഞ്ഞു.

വിദ്വേഷപരാമര്‍ശത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസ് സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. കേസ് സ്‌റ്റേ ചെയ്യാനാവില്ലെന്നും എംഎല്‍എ വിചാരണക്കോടതിക്കു മുന്‍പാകെ ഹാജരാവണമെന്നും ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.

സംഭവത്തില്‍ എംഎല്‍എ പുറത്തിറക്കിയ വിശദീകരണ പ്രസ്താവന അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വെങ്കടേഷ് ദല്‍വായ് കോടതി മുന്‍പാകെ ഹാജരാക്കി. എന്നാല്‍, ഇത്തരം പ്രസ്താവനകള്‍ ഇക്കാലത്ത് സാധാരണമായിരിക്കുന്നുവെന്ന് കോടതി പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ‘ഗുണ്ടുറാവുവിന്റെ വീട്ടിലൊരു പാകിസ്താനുണ്ട്. അതുകൊണ്ട് ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ശീലമാണ് എന്നായിരുന്നു ബസനഗൗഡ പാട്ടീല്‍ യത്‌നാലിന്റെ പരാമർശം. സംഭവത്തിൽ ബെംഗളുരു കോടതി  യത്‌നാലിനെതിരെ മാനനഷ്ടത്തിനു കേസെടുക്കുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണു എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്.

TAGS: KARNATAKA | HIGHCOURT
SUMMARY: Karnataka HC criticises bjp mla over controversial remark about state minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *