അർജുനായുള്ള തിരച്ചിൽ; ഐബോഡ് പരിശോധനയിലെ കൂടുതൽ പോയിന്റുകൾ ഇന്ന് അടയാളപ്പെടുത്തും

അർജുനായുള്ള തിരച്ചിൽ; ഐബോഡ് പരിശോധനയിലെ കൂടുതൽ പോയിന്റുകൾ ഇന്ന് അടയാളപ്പെടുത്തും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഡ്രഡ്ജിംഗ് കമ്പനിക്ക് വേണ്ടി ഐബോഡ് പരിശോധനയിൽ കണ്ടെത്തിയ കൂടുതൽ പോയിന്‍റുകൾ റിട്ട. മേജർ ഇന്ദ്രബാലൻ ഇന്ന് അടയാളപ്പെടുത്തി നൽകും. നിലവിൽ ഷിരൂരിൽ റെഡ് അലർട്ട് തുടരുകയാണ്. ഈ സാഹചര്യത്തിൽ തിരച്ചിൽ തുടരണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. തിരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഡ്രഡ്‍ജിംഗ് പരിശോധന നടത്തുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പ്രദേശമായതിനാൽ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചേക്കും.

പുഴയിൽ നടന്നു കൊണ്ടിരിക്കുന്ന തിരച്ചിലിൽ ധാരാളം വസ്തുക്കൾ കിട്ടുന്നുണ്ട്. ഇവയിൽ വാഹനത്തിന്റെ എൻജിൻ, മറ്റ് ഘടകഭാഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു. എന്നാൽ ഇവയൊന്നും അർജുന്റെ ലോറിയുടേതല്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. നേരത്തെ തിരച്ചിലിൽ സഹകരിച്ചിരുന്ന ഈശ്വർ മാൽപെ നിലവിൽ തിരച്ചിൽ നടത്തുന്നില്ല. ജില്ലാ ഭരണകൂടം നിസ്സഹകരിക്കുന്നതിനാലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച നടത്തിയ തെരച്ചിലിൽ അർജുന്‍റെ ലോറിയുടെ പിന്നിലെ ലൈറ്റ് റിഫ്ലക്ടർ കണ്ടെത്തിയത് ദൗത്യത്തിൽ വഴിത്തിരിവായിരുന്നു. തിരച്ചിൽ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും മഴ കണക്കിലെടുത്ത് താൽക്കാലികമായി മാത്രം നിർത്തുകയാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission in Shirur doubtful to continue today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *