കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

കനത്ത മഴ; ബെംഗളൂരുവിൽ 152 മരങ്ങൾ കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ 152 മരങ്ങൾ കടപുഴകി വീണു. ആർടി നഗർ, യെലഹങ്ക, സുബ്രഹ്മണ്യ നഗർ, വിദ്യാരണ്യപുര, ശാരദ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് മരം കടപുഴകിയത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായി.

ആർആർ നഗറിൽ 70 മരങ്ങൾ കടപുഴകിയതോടെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. എന്നാൽ 40 സ്ഥലങ്ങളിൽ മാത്രമേ ബിബിഎംപി സമയോചിതമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചുള്ളൂവെന്ന് പ്രദേശവാസികൾ പരാതി ഉന്നയിച്ചു.

ഗതാഗതം തടസപ്പെട്ടതും, മരം പൊട്ടിവീണതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ 28 പ്രത്യേക ടീമുകളെ വിന്യസിച്ചതായി ബിബിഎംപി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബിഎൽജി സ്വാമി പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ആരംഭിച്ച മഴയിൽ നാഗവാര, വീരന്നപാളയ, ജയമഹൽ, ഹെബ്ബാൾ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതം രണ്ട് മണിക്കൂറിലധികം വൈകി.

നഗരത്തിൽ 18 മില്ലിമീറ്റർ മഴയും എച്ച്എഎൽ പ്രദേശത്ത് 5.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ഗിരിനഗറിൽ കെഇബി ജംഗ്ഷനു സമീപം രാത്രി 7.10ഓടെ 10 അടിയോളമുള്ള ഭിത്തി ഇടിഞ്ഞുവീണു. എന്നാൽ ആളപായമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന വഴിയോരക്കച്ചവടക്കാരെ ബിബിഎംപി ഒഴിപ്പിച്ചു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *