അര്‍ജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക; 5 ലക്ഷം ആശ്വാസധനം നല്‍കും

അര്‍ജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക; 5 ലക്ഷം ആശ്വാസധനം നല്‍കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നല്‍കുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്.

നിരവധി പ്രതിസന്ധികള്‍ക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഗംഗാവലി പുഴയില്‍ നിന്നും ബുധനാഴ്ചയാണ് ലോറിയില്‍ നിന്ന് അര്‍ജുന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ലോറി കരക്കെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ പൊളിച്ചു മാറ്റി. കാബിനില്‍ നിന്നും അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും മകന്റെ കളിപ്പാട്ടവും കണ്ടെത്തിയിരുന്നു.

ജൂലൈ 16നാണ് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ ഉള്‍പ്പെടെ കാണാതായത്. 72 ദിവസത്തിനു ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തിരച്ചിലില്‍ വന്‍ വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെ വന്‍തോതില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ, കാലാവസ്ഥ പ്രതികൂലമായതും ഗംഗാവലി പുഴ കരകവിഞ്ഞതും പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്ന് കഴിഞ്ഞ 16നാണ് ഗംഗാവലി പുഴയിലെ തിരച്ചില്‍ നാവിക സേന നിര്‍ത്തിവച്ചത്. വീണ്ടും നടത്തിയ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ലോറി കണ്ടെത്തിയത്.

TAGS : ARJUN RESCUE | KARNATAKA
SUMMARY : Karnataka announces help for Arjun’s family; 5 lakh will be given as compensation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *