അന്‍വറിന്റെ പൊതു യോഗത്തിന് വന്‍ ജനാവലി; സ്വാഗതം പറഞ്ഞത് സിപിഎം നേതാവ്, തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ

അന്‍വറിന്റെ പൊതു യോഗത്തിന് വന്‍ ജനാവലി; സ്വാഗതം പറഞ്ഞത് സിപിഎം നേതാവ്, തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ

നിലമ്പൂര്‍:  ഇടതു മുന്നണിയില്‍ നിന്നു പുറത്തായ പി വി അന്‍വര്‍ എം എല്‍ എ ചന്തക്കുന്നില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വന്‍ ജനാവലി. അന്‍വറിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന യോഗം പുരോഗമിക്കുകയാണ്.  യോഗത്തിന്റെ സ്വാഗത പ്രസംഗം നടത്തിയത് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ്. അന്‍വറിനോട് പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ ക്ഷമിക്കാനോ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനോ കഴിയുന്നതല്ലെന്ന് സ്വാഗത പ്രാസംഗികന്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് അന്‍വര്‍ സര്‍ക്കാരിനോടും പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടും പറഞ്ഞു. എന്നാല്‍ അതില്‍ നടപടി സ്വീകരിക്കുന്നതിന് പകരം അന്‍വറിനെ ഞെക്കി കൊല്ലാനാണ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിച്ചതെന്ന് ഇ.എ സുകു ആരോപിച്ചു. തന്റെ എംഎല്‍എ ഒരു പരാതി പറഞ്ഞിട്ട് പോലും അത് കേള്‍ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മുന്‍ സിപിഎം നേതാവ് ചോദിച്ചു.

 

വര്‍ഗീയതയെക്കുറിച്ച് സംസാരിച്ചാണ് പി വി അന്‍വര്‍ യോഗം ആരംഭിച്ചത്. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പേര് നോക്കി വർഗീയവാദിയാക്കുന്ന കാലമാണെന്നും എല്ലാവരേയും ഒന്നായേ താൻ കണ്ടിട്ടുള്ളൂവെന്നും അൻവർ പറഞ്ഞു. ആര്‍ക്ക് വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയോ അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്ന് അന്‍വര്‍ പറഞ്ഞു.

പോലീസ് ആകെ ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി നടക്കുന്ന സ്വര്‍ണകള്ളക്കടത്ത് വഴി നാട്ടില്‍ കൊല നടക്കുന്നു.നാടിന്റെ സ്വത്തായി മാറുന്ന പിടിച്ചെടുക്കുന്ന സ്വര്‍ണം ചിലര്‍ കൊണ്ടുപോകുന്നു.കാര്യങ്ങള്‍ പറയുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി തെളിവെന്തെങ്കിലും ഉണ്ടോ എന്നു ചോദിക്കും. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പോലീസ് ഉന്നതര്‍ രക്ഷിക്കുന്നുണ്ടെങ്കില്‍ എന്തോ ഉണ്ടല്ലോ എന്ന അന്വേഷണമാണ് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അത്യന്താധുനിക സ്‌കാനിങ്ങ് സംവിധാനമുണ്ട്. ഇത്രയും സംവിധാനം ഉണ്ടായിട്ടും എങ്ങിനെ സ്വര്‍ണം കടത്തുന്നു എന്നായി അന്വേഷണം. വിദേശത്തുനിന്നുള്ള സ്വര്‍ണം പിടിച്ചാല്‍ കസ്റ്റംസിനെ ഏല്‍പ്പിക്കണം. പിടിക്കുന്ന പോലീസിന് 20 ശതമാനം കമ്മിഷനുണ്ട്. സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെട്ട പലരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലായത്. സ്‌കാനറില്‍ കണ്ടാലും പുറത്തു കടത്തി വിടുന്നു. പുറത്തു കാത്തിരിക്കുന്ന പോലീസിന് വിവരം കൈമാറുന്നു. പോലീസ് അവരുടെ കേന്ദ്രത്തില്‍ കൊണ്ടുപോയി കാര്യങ്ങള്‍ തീരുമാനിക്കുന്നു. അന്‍വര്‍ ആരോപിച്ചു.

വൈകുന്നേരം 6.30ഓടെ പ്രകടനമായാണ് അൻവർ യോഗസ്ഥലത്തേക്ക് എത്തിയത്. പുഷ്പനെ അനുസ്മരിച്ചായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം. മലപ്പുറത്തിനു പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നും നിരവധി പേര്‍ യോഗസ്ഥലത്ത് എത്തിയിട്ടുണ്ട്. സി പി എം അനുഭാവികള്‍ക്കുപുറമെ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും യോഗസ്ഥലത്ത് ധാരാളം ഉണ്ട്.

<br>
TAGS : PV ANVAR MLA
SUMMARY : P V Anwar public meeting at Nilambur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *